ബെംഗളൂരു: ( www.truevisionnews.com ) സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു.
കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്.
4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു.
ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണു ലഭിച്ചത്.
മറ്റ് 3 പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വിദ്യാർഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ പറഞ്ഞു.
ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുൻപ് അധ്യാപകർ വിദ്യാർഥികൾക്കു സുരക്ഷാ ബോധവൽക്കരണം നൽകണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
#Four #female #students #excursion #group #drowned #sea #teachers #arrested